വലിയ ശനിയാഴ്ച ദുഃഖവെള്ളിക്കും ഈസ്റ്റർ ഞായറാഴ്ചയ്ക്കും ഇടയിൽ ഞെരുക്കപ്പെട്ടതായി തോന്നുന്നു. എന്നിട്ടും ഈ ദിവസം കാത്തിരിപ്പിന്റെ, വലിയ നിശബ്ദതയുടെ , വലിയ കുതിപ്പിന് മുമ്പ് അനുഭവപ്പെടുന്ന ഒരു ശ്വാസംമുട്ടലിന്റെ ദിവസമാണ്. എല്ലാം പൂർത്തിയായി എന്ന് തോന്നിപ്പിക്കുന്നെങ്കിലും ഒന്നും അവസാനിച്ചിട്ടില്ല. എന്നാൽ ഈ കാര്യങ്ങൾ അതുവരെ അറിയാമായിരുന്നവർ ആരും ഉണ്ടായിരുന്നില്ല. മഗ്ദലമറിയവും മറ്റേ മറിയവും പുലർച്ചെ കല്ലറയിലേക്ക് പോകുന്നത് അവരെ കാത്തിരിക്കുന്ന ആശ്ചര്യസംഭവം എന്താണെന്നു ഒരു ആശയവും ഇല്ലാതെയാണ്. നഷ്ടബോധവും ശൂന്യതയും മാത്രമല്ല അവരുടെ ഹൃദയങ്ങളെ മഥിക്കുന്നത്, മറിച്ചു, തകർന്ന ഓരോ ഹൃദയത്തിലും ഈശോ തെളിച്ച ഒരു പ്രത്യാശയുടെ തിരിനാളം ഉണ്ടായിരുന്നു. അത് അണഞ്ഞുപോയിരിക്കുന്നു. അവരുടെ പ്രാർത്ഥന ഒരുപക്ഷേ ഒരു ലുത്തീനിയയിലെ അപേക്ഷപോലെ പോലെ ഹ്രസ്വമായിത്തീർന്നിരുന്നു: "ആരാണ് നമുക്കുവേണ്ടി കല്ലുരുട്ടിമാറ്റുക?".
'നമ്മളെക്കൊണ്ടിതെങ്ങനെ സാധിക്കും?' എന്ന നിരാശയോടെ ലോകം മുഴുവനും ഈ ദിവസങ്ങളിൽ ജാതി മത ഭേദമെന്യേ മഗ്ദലമറിയത്തെപ്പോലെ പ്രാർത്ഥനയിലാണ്.
അവർ ആ ശവകുടീരത്തിന് മുന്നിൽ എത്തുമ്പോൾ അവരുടെ പ്രാർത്ഥനയെ അസ്ഥാനത്താക്കുന്ന ഒരു അപ്രതീക്ഷിത സംഭവം അവർ കാണുന്നു: സ്വർഗത്തിൽ നിന്ന് ഇറങ്ങിയ കർത്താവിന്റെ ഒരു ദൂതൻ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു. നമ്മുടെ ജീവിതയാത്രയിൽ തടസമായി നിൽക്കുന്ന കല്ലുകളെ നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഉരുട്ടിമാറ്റാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽനിന്നുമാത്രമേ കർത്താവിന്റെ ദൂതൻ കല്ലുരുട്ടിമാറ്റി എന്ന വിശ്വസത്തിലേക്കു വരാൻ സാധിക്കു. നമ്മളെ ഏറ്റവും അധികം കഷ്ട്ടപെടുത്തിയ, വേദനിപ്പിച്ച ഒരു സംഭവം അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്ന ഒരു ട്വിസ്റ്റ് ലോകത്തോട് പ്രഖ്യാപിക്കാനുള്ള ഒരു പുൾപിറ്റായി മാറുമ്പോൾ അവിടെയാണ് ശരിക്കും ഈസ്റ്റര് ആഘോഷം. അതാണ് ഈസ്റ്റര്. അതുകൊണ്ടു ഒരു വിശ്വസിയും ഈ വര്ഷം ഈസ്റ്റര് ഇല്ല എന്ന് പറയരുത്. നമ്മൾ വിശ്വസത്താലും പ്രാര്ഥനയാലും അതിജീവിക്കും. ദൂതൻ സ്ത്രീകളോട് പറഞ്ഞു: "നിങ്ങൾ അത്ഭുതപ്പെടേണ്ട. കുരിശിൽ തറക്കപെട്ട നസ്രായനായ ഈശോയെ നിങ്ങൾ അനേഷിക്കുന്നു. അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അവൻ ഇവിടെയില്ല". ഈ പ്രഖ്യാപനത്തിൽ ഞാൻ വിശ്വസിക്കുന്നുവെങ്കിൽ അതിനനുസരിച്ച് ഞാൻ ജീവിക്കണം. ഈ അറിയിപ്പ് ഞാൻ വിശ്വസിക്കുന്നില്ലെങ്കിൽ, ഞാൻ ആ ശവകുടീരത്തിന്റെ ബന്ദിയായി തുടരുന്നു. ഈശോ ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസം നാം ലോകത്തോട് പറയേണ്ടത് നമ്മുടെ ജീവിതത്തിലൂടെയാണ്. (മത്തായി 28.1-10)

Comments

Popular posts from this blog